07 March 2009

നിശ്ശബദ്തയിലെ ശബ്ദങ്ങള്‍

Original version of the article published in Kalakaumudi March 8, 2009 issue

തമിഴ്നാട്ടിലെങ്ങും ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയമായ ബാലയുടെ 'നാന്‍ കടവുള്‍' എന്ന ചിത്രത്തെപ്പറ്റി ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം ഇളയരാജയുടെ പശ്ചാത്തല സംഗീതം ബഹളമയമാണെന്നതും ഒപ്പം ചിത്രത്തിന്റെ ശബ്ദമിശ്രണം മോശമാണ് എന്നതുമാണ്. ശബ്ദ സങ്കലനത്തിന്റെ കുഴപ്പം കൊണ്ട് ചിത്രത്തിലെ പ്രധാനപ്പെട്ട ചില സംഭാഷണങ്ങള്‍ ശരിയായി കേള്‍ക്കാന്‍ പോലും കഴിഞ്ഞില്ല എന്നുള്ള ആക്ഷേപവും പലര്‍ക്കുമുണ്ട്.

'നാന്‍ കടവുളി'ന്റെ സംഭാഷണ രചനയില്‍ സഹകരിക്കുകയും ചിത്രീകരണത്തില്‍ ക്രിയാത്മകമായ ചില സഹായങ്ങള്‍ ചെയ്യുകയും ചെയ്ത വ്യക്തി എന്ന നിലയ്ക്ക്, ഈ വിമര്‍ശനങ്ങളോട് ഞാന്‍ പ്രതികരിക്കുന്നത് ശരിയല്ല എന്ന് തോന്നുന്നു. പക്ഷേ ഈ ഒരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് സിനിമകളിലെ ശബ്ദ മിശ്രണത്തെക്കുറിച്ചും അതിന്റെ സാങ്കേതികതയെക്കുറിച്ചും ചില കാര്യങ്ങള്‍ പറയാമെന്ന് വിചാരിക്കുന്നു.

ശബ്ദ മിശ്രണത്തിന് റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ച ഓസ്കാര്‍ അവാര്‍ഡ് നമുക്ക് അഭിമാനിക്കാന്‍ ഏറെ വക നല്‍കുന്നതാണ്. കാരണം ദശാബ്ദങ്ങളായി ഇന്ത്യ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന മേഖലകളില്‍ ഒന്നാണ് ശബ്ദ സാങ്കേതികത എന്നത്. ഉദാഹരണത്തിന് 1950 കളില്‍ പുറത്തു വന്ന നാറ്റ് കിംഗ് കോളിന്റെയോ ജൂഡി ഗാര്‍ലന്റിന്റെയോ ഗാനങ്ങളുടെ ശബ്ദലേഖന മികവ് 1980 കളില്‍ പുറത്തുവന്ന ഇന്ത്യന്‍ ഗാനങ്ങളില്‍ പോലും കേള്‍ക്കാന്‍ കഴിയില്ല. ഈ രംഗത്ത് നാം കുറഞ്ഞത് 30 വര്‍ഷം പിന്നിലായിരുന്നുവെന്ന് സാരം. സംഗീതത്തിന്റെ ശബ്ദലേഖനത്തില്‍ നമുക്ക് നമ്മുടേതായ ഒരു സ്വരം ഉണ്ടായത് തീര്‍ച്ചയായും ഏ.ആര്‍.റഹ്മാന്റെ വരവിന് ശേഷമാണ്.

ശബ്ദങ്ങള്‍ക്ക് അതിരുകളില്ല എന്ന് നമുക്ക് അറിയാം. നമ്മെ ചുറ്റി ഏത് ദിശയില്‍ നിന്ന് വരുന്ന ശബ്ദവും നമുക്ക് കേള്‍ക്കാന്‍ സാധിക്കും. നമ്മുടെ പിന്നില്‍ എന്താണ് നടക്കുന്നതെന്ന് തിരിഞ്ഞു നോക്കാതെ തന്നെ ശബ്ദങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാനാവും. എന്നാല്‍ ദൃശ്യങ്ങള്‍ക്ക് നമ്മുടെ നോട്ടത്തിന്റെ പരിമിതിയുണ്ട്. ദൃശ്യങ്ങള്‍ക്ക് തരാന്‍ ആവാത്ത പല അനുഭവ തലങ്ങളില്‍ ശബ്ദങ്ങളിലൂടെ നാം ചെന്നുചേരുന്നു. ഇതുകൊണ്ടുതന്നെ സിനിമ പോലെയുള്ള ദൃശ്യമാധ്യമങ്ങളില്‍ ശബ്ദ സന്നിവേശത്തിനുള്ള സാധ്യതകള്‍ അനന്തമാണ്. ദൃശ്യങ്ങളെ താങ്ങിനിര്‍ത്തുന്നതിനും ഒപ്പം അവയ്ക്ക് പൊലിമ പകരുന്നതിനും ശബ്ദങ്ങള്‍ക്ക് കഴിയും.

ശബ്ദങ്ങള്‍ ചിലപ്പോള്‍ നമ്മെ യാഥാര്‍ത്ഥ്യത്തോട് അടുപ്പിക്കുന്നു. ചിലപ്പോള്‍ അതില്‍ നിന്ന് നമ്മെ പൂര്‍ണ്ണമായും അകറ്റിക്കളയുകയും ചെയ്യുന്നു. കേള്‍ക്കുക എന്ന ഏറെക്കുറെ അബോധപൂര്‍വ്വമായ പ്രവൃത്തിയിലൂടെയാണ് നമ്മുടെ ദൃശ്യാനുവഭവം തീഷ്ണമാകുന്നത്. ഇങ്ങനെ ദൃശ്യങ്ങളുടെ വികാരഭേദങ്ങള്‍ക്ക് അനുസരണമായി ശബ്ദങ്ങള്‍ സംവിധാനം ചെയ്യുന്നതിനെയാണ് ഒരു ചിത്രത്തിന്റെ സൌണ്ട് ഡിസൈനിംഗ് അഥവാ ശബ്ദ രൂപരേഖ എന്ന് വിളിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ അതിന്റെ ശബ്ദ സംവിധാനത്തിന്റെ മാതൃക രൂപപ്പെടേണ്ടതുണ്ട്.

സംഭാഷണം, സംഗീതം, മറ്റു ശബ്ദങ്ങള്‍, ആവശ്യമെങ്കില്‍ ഗാനങ്ങള്‍ ഒപ്പം നിശ്ബദത എന്നിവ ചേരുമ്പടി ചേര്‍ത്താണ് ഒരു സിനിമയുടെ ശബ്ദധാര രൂപപ്പെടുത്തുന്നത്. സംഭാഷണത്തില്‍ വ്യക്തികള്‍ തമ്മിലുള്ള പല സ്ഥായികളിലുള്ള സംസാരം, ആത്മഗതം, വിവരണം എന്നിവയെല്ലാം ഉള്‍പ്പെടുന്നു. കരച്ചില്‍, ചിരി, അട്ടഹാസം, ശീല്‍ക്കാരം തുടങ്ങിയ മനുഷ്യ ശബ്ദങ്ങളും ഇതില്‍ ഉള്‍പ്പെടുത്താം.

ഒരു കഥാ സന്ദര്‍ഭത്തേയോ കഥാപാത്രത്തിന്റെ വികാരഭേദങ്ങളേയോ ഉയര്‍ത്തുന്നതിനും ഉറപ്പിക്കുന്നതിനുമാണ് സിനിമയില്‍ പശ്ചാത്തല സംഗീതം ഉപയോഗിക്കുന്നത്. ഇന്ത്യന്‍ വ്യാപാരസിനിമയില്‍ ഗാനങ്ങള്‍ കച്ചവടമൂല്യം ഉറപ്പിക്കുന്നതിനും സിനിമയുടെ മൊത്തത്തിലുള്ള ദൃശ്യാനുഭവത്തെ വിനോദത്തില്‍ ഊന്നി നിലനിര്‍ത്തുന്നതിനുമാണ് ഉപയോഗപ്പെടുത്തുന്നത്.

മറ്റ് ശബ്ദങ്ങളെല്ലാം മൊത്തത്തിലുള്ള അന്തരീക്ഷത്തെ സൂചിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നു. ചുറ്റുപാടുകളുടെ ഈ ശബ്ദഘോഷത്തില്‍ ആള്‍ക്കൂട്ടങ്ങളുടെ ബഹളം, പക്ഷികളുടേയും മൃഗങ്ങളുടേയും കരച്ചില്‍, വാഹനങ്ങളുടെ ശബ്ദങ്ങള്‍, കതകും ജനലും തുറന്നടയുന്നതുപോലെയുള്ള മുറിക്കുള്ളിലെ ശബ്ദങ്ങള്‍, മഴ, കാറ്റ്, ഇടിമിന്നല്‍, പുഴയൊഴുകുന്ന ശബ്ദം എന്നിവപോലെയുള്ള പ്രകൃതിയിലെ ശബ്ദങ്ങള്‍ എന്നിവയൊക്കെ, മാറിമാറി വരുന്ന ദൃശ്യങ്ങളോട് ഒത്തു ചേരുമ്പോഴാണ്, സ്ഥലകാലങ്ങളെപ്പറ്റിയുള്ള പ്രതീതികള്‍ പ്രേക്ഷകന് ലഭിക്കുന്നത്.

ഒരു ശബ്ദ സന്നിവേശകന്റെ പ്രധാന ജോലി സിനിമയുടെ പ്രമേയവും പശ്ചാത്തലവും അനുസരിച്ച് ആവശ്യമുള്ള ശബ്ദങ്ങള്‍ ഏതെല്ലാമാണെന്ന് ആദ്യമേതന്നെ തിരിച്ചറിയുക എന്നതാണ്. തുടര്‍ന്ന് ശബ്ദ ലേഖനം, ശബ്ദ സന്നിവേശം, ശബ്ദ മിശ്രണം എന്നിവ നടക്കുന്നു. സ്ളംഡോഗ് മില്യനെയര്‍ പോലെ സംഗീതത്തിനും ഗാനങ്ങള്‍ക്കും പ്രധാന്യം നല്‍ക്കുന്ന ചിത്രങ്ങളാകുമ്പോള്‍ ശബ്ദമിശ്രണം നടത്തുന്നയാളിന്റെ ജോലി ഇരട്ടിക്കുന്നു.

ചിത്രീകരണം നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ സംഭാഷണങ്ങളും മറ്റു ശബ്ദങ്ങളും പകര്‍ത്തുന്ന പ്രക്രിയയെ സിന്‍ക് സൌണ്ട് എന്ന് വിളിക്കുന്നു. സംഭാഷണത്തിന്റെ സ്വാഭിവകത പൂര്‍ണ്ണമായി നിലനിര്‍ത്തുന്നതിനും ശബ്ദത്തെ, ദൃശ്യവുമായി താദാത്മ്യപ്പെടുത്തുന്നതിനും ഇത് സഹായിക്കും. മാനസ് ചൌധരി, ഇന്ദ്രജിത്ത് നിയോഗി, റസൂല്‍ പൂക്കുട്ടി എന്നിവരൊക്കെ ഈ മേഖലയില്‍ മികവ് തെളിയിച്ചവരാണ്.

സിന്‍ക് സൌണ്ട് റിക്കോര്‍ഡ് ചെയ്യുമ്പോള്‍ യൂണിറ്റ് പൂര്‍ണ്ണമായും നിശ്ബദമായിരിക്കണം. സംസാരിക്കുവാനോ മറ്റ് ശബ്ദങ്ങള്‍ ഉണ്ടാക്കാനോ പാടില്ല. അമിതശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളൊന്നും ചിത്രീകരണത്തിന് ഉപയോഗിക്കാനും പാടില്ല. ഈ പരിമിതികളൊക്കെ ഉണ്ടെങ്കിലും ഇന്ന് പ്രധാനപ്പെട്ട സിനിമകളുടെ ഒക്കെ ചിത്രീകരണത്തില്‍ സിന്‍ക് സൌണ്ട് ഉപയോഗിക്കുക എന്നത് ഒരു സ്ഥിരം രീതിയായി മാറിക്കഴിഞ്ഞിരിക്കുന്നു.

ശബ്ദമിശ്രണത്തിനുള്ള ഓസ്കാര്‍ അവാര്‍ഡ് റസൂല്‍ പൂക്കുട്ടിയുമായി പങ്കിട്ട ഇയാന്‍ ടാപ്പ് , റിച്ചാര്‍ഡ് പ്രൈക് എന്നിവരാണ് സ്ളംഡോഗ് മില്യനെയര്‍ സിനിമയുടെ ശബ് ദമിശ്രണം നിര്‍വ്വഹിച്ചത്. ലൊക്കേഷനുകളില്‍ സംഭാഷണങ്ങളും മറ്റും ശബ്ദങ്ങളും റിക്കാര്‍ഡ് ചെയ്യുക എന്ന ജോലിയാണ് റസൂല്‍ ചെയ്തത്.
ഈ ശബ്ദങ്ങളോടൊപ്പം സ്റുഡിയോയില്‍ തയ്യാറാക്കപ്പെട്ട മറ്റുള്ള ശബ്ദങ്ങളും ചേര്‍ത്ത് നടത്തുന്ന ശബ്ദ സങ്കലനം തികച്ചും വെല്ലുവിളിയുര്‍ത്തുന്ന ജോലിയാണ്. നൂറുകണക്കിന് ട്രാക്കുകളില്‍ റെക്കാര്‍ഡ് ചെയ്യപ്പെട്ട ശബ്ദങ്ങള്‍ ഒന്നിനോടൊന്ന് ഇടകലരാതെ യോജിപ്പിച്ച് അവയെ ദൃശ്യവുമായി മിശ്രണം ചെയ്യുക എന്നത് ഉയര്‍ന്ന സാങ്കേതിക ജ്ഞാനവും തികഞ്ഞ സര്‍ഗ്ഗാത്മകതയും ആവശ്യപ്പെടുന്ന ഒന്നാണ്. പെട്ടെന്ന് തിരിച്ചറിനാവാത്ത ശബ്ദങ്ങളെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിച്ച് അനുഭവിപ്പിക്കുക എന്നതിലാണ് ഈ മികവ് പരീക്ഷിക്കപ്പെടുന്നത്.

ഇങ്ങനെ ഓരോ ശബ്ദത്തിന്റെയും തനതായ അസ്ഥിത്വം നിലനിര്‍ത്തിക്കൊണ്ട് വിവിധ ശബ്ദ തലങ്ങളുടെ ഏകീകരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പിന്നെ ഫൈനല്‍ മിക്സ് ഡൌണ്‍ എന്ന ജോലിയാണ്. നിരവധി ട്രാക്കുകളെ ഒന്നിനോട് ഒന്ന് സങ്കലനം ചെയ്ത് ഒന്നോ രണ്ടോ അല്ലെങ്കില്‍ അഞ്ചോ ആറോ ട്രാക്കുകളായി ഒതുക്കിയെടുക്കുകയാണ് ചെയ്യുന്നത്.

മോണോ, സ്റീരിയോ, ഡോള്‍ബി ഡിജിറ്റല്‍, ഡി റ്റി എസ് എന്നിവയില്‍ ഏതെങ്കിലും ഒരു ഫോര്‍മാറ്റിലായിരിക്കും സിനിമാ ശബ്ദത്തിന്റെ ഈ അവസാന രൂപം. എന്താണ് ഈ ഫോര്‍മാറ്റുകളുടെ സവിശേഷതകള്‍? സ്റുഡിയോയില്‍ നിന്ന് സിനിമാ തിയേറ്റുകളിലെ പ്രൊജക്ഷന്‍ റൂമിലെത്തുന്ന ഈ ശബ്ദങ്ങള്‍ വെളളിത്തിരയ്ക്കു പിന്നിലുള്ള സ്പീക്കറുകളില്‍ നിന്ന് കൃത്യതയോടെ മുഴങ്ങുന്നത് എങ്ങനെയാണ്?
വെളളിത്തിരയുടെ പിന്നില്‍ ഒത്ത മധ്യത്തിലായി സ്ഥാപിച്ചിരിക്കുന്ന ഒരു സ്പീക്കറിലൂടെ മാത്രം ശബ്ദം പുറത്തു വരുന്നതിനെയാണ് മോണോഫോണിക് എന്ന് വിളിക്കുന്നത്. സിനിമയുടെ ശബ്ദ വിന്യാസത്തിലെ ഏറ്റവും പഴയ സാങ്കേതിക വിദ്യയാണിത്. ഇടതും വലതുമായി ഘടിപ്പിച്ചിരിക്കുന്ന രണ്ട് സ്പീക്കറിലൂടെ ശബ്ദം പുറത്തു വിടുന്ന രീതി സ്റിരീയോഫോണിക് എന്നറിയപ്പെടുന്നു. 1967 ല്‍ പുറത്തിറങ്ങിയ 'എറൌണ്ട് ദ വേള്‍ഡ് ' എന്ന രാജ് കപൂറിന്റെ ഹിന്ദി ചിത്രമാണ് ഇന്ത്യയില്‍ ആദ്യമായി സ്റീരിയോഫോണിക് ശബ്ദത്തോടെ വന്ന ചിത്രം.

1975 ല്‍ പുറത്തിറങ്ങിയ ഷോലേയാണ് ഇന്ത്യയില്‍ ആദ്യമായി നാല് ട്രാക്ക് സ്റീരിയോഫോണിക് ശബ്ദ സംവിധാനം ഉപയോഗിച്ചത്. തിയേറ്ററുകളില്‍ നാല് സ്പീക്കറുകളിലൂടെ ഈ സിനിമയിലെ വ്യത്യസ്ത ശബ്ദങ്ങള്‍ മുഴങ്ങിയപ്പോള്‍ ഷോലേ ഇന്ത്യയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായി മാറി. ശബ്ദ സംവിധാനം സിനിമയുടെ വിജയത്തെ വന്‍തോതില്‍ സഹായിച്ചു എന്ന് സംവിധായകന്‍ രമേഷ് സിപ്പി പിന്നീട് പറഞ്ഞിട്ടുണ്ട്. അമിതാഭ് ബച്ചന്‍ നാണയം എറിയുന്നതിന്റെ മൂളലും കിലുക്കവും, സഞ്ജീവ് കുമാറിന്റെ വീട്ടിലെ പഴയ ഊഞ്ഞാലിന്റെ കിറുകിറാ ശബ്ദവുമൊക്കെ ആ സിനിമ കണ്ടവരുടെ മനസ്സില്‍ ഇന്നും മുഴങ്ങുന്നുണ്ടാവും.

1982 ല്‍ മലയാളത്തില്‍പുറത്തു വന്ന പടയോട്ടം എന്ന ചിത്രം ഇന്ത്യയില്‍ ആദ്യമായി, ശബ്ദരംഗത്തെ ആധുനിക സാങ്കേതിക വിദ്യ മികച്ച രീതിയില്‍ ഉപയോഗിച്ചു. ആറ് ട്രാക്ക് സ്റീരിയോഫോണിക് ശബ്ദമാണ് പടയോട്ടത്തില്‍ കേട്ടത്. പൂര്‍ണ്ണമായും ഇന്ത്യയില്‍ ശബ്ദസങ്കലനം നിര്‍വ്വഹിച്ച ആദ്യ ചിത്രവും പടയോട്ടമാണ്.
1965 ല്‍ റേ ഡോള്‍ബി ബ്രിട്ടനില്‍ സ്ഥാപിച്ച ഡോള്‍ബി ലാബറട്ടറി, ശബ്ദ സാങ്കേതികതയില്‍ പല പുതിയ കണ്ടുപിടിത്തങ്ങളും അവതരിപ്പിച്ചു. ശബ്ദത്തിന്റെ മേ•, വ്യക്തത എന്നിവ പരമാവധി വര്‍ദ്ധിപ്പിക്കാനുള്ള തുടര്‍ച്ചയായ പരിശ്രമങ്ങളിലൂടെ അവര്‍ ഡോള്‍ബി ഏ, ബി, സി, ഡോള്‍ബി എസ് ആര്‍ എന്നിങ്ങനെ പല രീതികള്‍ വികസിപ്പിച്ചെടുത്തു. 1994 ല്‍ പുറത്തു വന്ന 1942 എ ലവ് സ്റോറി എന്ന ഹിന്ദി ചിത്രമാണ് ഡോള്‍ബി എസ് ആര്‍ ഇന്ത്യയില്‍ ആദ്യമായി പ്രയോജനപ്പെടുത്തിയ ചിത്രം.

90 കളുടെ ആരംഭത്തില്‍ പുറത്തുവന്ന ഡോള്‍ബി ഡിജിറ്റല്‍ സാങ്കേതികതയാണ് ഡോള്‍ബിയുടെ ഏറ്റവും പ്രചാരം നേടിയ ഉല്‍പ്പന്നം. ലോകത്താകമാനം 50,000 തിയേറ്ററുകളില്‍ ഈ 5.1 ട്രാക്ക് ശബ്ദ സംവിധാനം ഘടിപ്പിക്കപ്പെട്ടു. 5 സ്പീക്കറുകളിലൂടെയും ഒരു സബ് വൂഫറിലൂടെയുമാണ് ഇതില്‍ ശബ്ദം പുറത്ത് വരുന്നത്. ഇത് പ്രേക്ഷകന് യഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്നതും മികച്ചതുമായ ശബ്ദാനുഭവം നല്‍കുന്നു.
ആദ്യമൊക്കെ പ്രകാശരേഖകളായി ഫിലിമിന്റെ വശങ്ങളില്‍ത്തന്നെ ശബ്ദം രേഖപ്പെടുത്തുകയായിരുന്നു രീതി. ഇതിനെ ഒപ്റ്റിക്കല്‍ ട്രാന്‍സ്ഫര്‍ എന്നാണ് വിളിക്കുന്നത്. പിന്നീട് ഫിലിമിന്റെ വശങ്ങളില്‍ പ്രത്യേകമായി പതിപ്പിച്ചിരിക്കുന്ന മാഗ്നറ്റിക് ടേപ്പുകളില്‍ ശബ്ദം രേഖപ്പെടുത്താന്‍ തുടങ്ങി. ഇതിലൂടെയാണ് സിനിമകള്‍ക്ക് രണ്ടലിധികം ട്രാക്കുകള്‍ നല്‍കാന്‍ സാധിച്ചത്. ഡോള്‍ബിയിലും ശബ്ദം ഫിലിമിന്റെ വശങ്ങളില്‍ത്തന്നെയാണ് രേഖപ്പെടുത്തുന്നത്. പക്ഷേ ഡോള്‍ബി പ്രിന്റിംഗ് എന്ന പ്രത്യേക സാങ്കേതിക വിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത് എന്നതാണ് വ്യത്യാസം.

ഈ രീതിയെ അപ്പാടെ മാറ്റിമറിച്ചുകൊണ്ട് 1993 ല്‍ അമേരിക്കയില്‍ അവതരിപ്പിക്കപ്പെട്ട ഡി റ്റി എസ് അഥവാ ഡിജിറ്റല്‍ തിയേറ്റര്‍ സിസ്റം ലോക സിനിമയെത്തന്നെ കീഴടക്കി. ജുറാസിക് പാര്‍ക്ക് പോലെയുള്ള ചിത്രങ്ങളിലൂടെ വ്യത്യസ്തമായ ശബ്ദങ്ങള്‍ ആറ് ട്രാക്കുകളില്‍, ഏറ്റവും മികച്ച വ്യക്തതയോടേയും സൂക്ഷ്മതയോടേയും നമ്മുടെ കാതുകളില്‍ എത്തി. ഡി റ്റി എസില്‍ ചിത്രത്തിന്റെ സൌണ്ട് ട്രാക്ക് ഫിലിമിനോടൊപ്പമല്ല ഉളളത്. പ്രത്യേകമായി തയ്യാറാക്കുന്ന സി ഡി യില്‍ എത്തുന്ന ശബ്ദം പ്രൊജക്ഷന്‍ സമയത്ത് ഫിലിമുമായി ഏകതാനതയോടെ പ്രവര്‍ത്തിക്കുന്നു. 1996 ല്‍ വന്ന കറുപ്പ് റോജ, ഇന്ത്യന്‍ എന്നി തമിഴ്ചിത്രങ്ങളിലൂടെയാണ് ഡി റ്റി എസ് ഇന്ത്യയില്‍ എത്തിയത്. ഇന്നിപ്പോള്‍ ഈ സംവിധാനമില്ലാത്ത തിയേറ്ററുകള്‍ നന്നേ കുറവാണ്.

ഇങ്ങനെ ശബ്ദ സാങ്കേതികതയുടെ കാര്യത്തില്‍ ഇന്ത്യന്‍ സിനിമ പാശ്ചത്യരോട് കിടപിടിക്കുന്ന തരത്തില്‍ എത്തിയിരിക്കുന്നു. റസൂല്‍ പൂക്കുട്ടിയിലൂടെ ശബ്ദ സര്‍ഗ്ഗാത്മകതയുടെ ലോകത്തും നാം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. പക്ഷേ ഇന്നും മിക്കവാറും ഇന്ത്യന്‍ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതം ബഹളമയമാണ്. നമ്മുടെ സിനിമകളിലെ 90 ശതമാനം ദൃശ്യങ്ങള്‍ക്കും ഉയര്‍ന്നു മുഴങ്ങുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയാണ് ഉള്ളത്. ഇതിനാല്‍ ശബ്ദ സംവിധായകര്‍ക്ക് സിനിമയുടെ ശബ്ദത്തില്‍ മൌലികമായ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയുന്നില്ല എന്നതാണ് സത്യം.

ഒരു സ്റുഡിയോയുടെ ഇരുട്ടില്‍ ശബ്ദമിശ്രണം അതിന്റെ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ചില ശബ്ദങ്ങള്‍ ഉയര്‍ത്തപ്പെടുന്നു.... ചിലത് താഴ്ത്തപ്പെടുന്നു... വലിയ ശബ്ദങ്ങളെ മൃദുസ്വനങ്ങളായും വളരെ ചെറിയ സ്വരങ്ങളെപ്പോലും ഭയാനക ശബ്ദങ്ങളായും പരിണമിപ്പിക്കുന്നു...... വിദൂരങ്ങളില്‍ നിന്നുമുള്ള മണിനാദങ്ങള്‍..... സമീപ ദൃശ്യത്തില്‍ നിന്ന് അകലേയ്ക്കു പറന്നുപോകുന്ന ഒരു പക്ഷിയുടെ ഏകാന്ത രോദനം..... ഒഴുകി അടുക്കുന്ന ഒരു മലയരുവിയുടെ കിലുകിലാരവം....... ശബ്ദങ്ങളിലൂടെ ഒരു പുതിയ ലോകം സൃഷ്ടിക്കപ്പെടുന്നു. ആ ശബ്ദങ്ങള്‍ മനുഷ്യവികാരങ്ങളുടെ എല്ലാം മേഖലകളെയും സ്പര്‍ശിച്ചു കടന്നുപോകുന്നു. എല്ലാം ശബ്ദങ്ങളും ഒടുവില്‍ നിശബദതയില്‍ ലയിച്ചു മറയുമ്പോള്‍ തിയേറ്ററില്‍ വെളിച്ചം തെളിയുന്നു......

No comments: